പറയാതെ വയ്യ

വായില്‍ തോന്നുന്നത്‌ കോതക്ക്‌ പാട്ട്‌

Sunday, October 29, 2006

കേരളം അമ്പതാണ്ട്‌ പിന്നിടുമ്പോള്‍

കേരള സംസ്ഥാനം രൂപവല്‍കൃതമായിട്ട്‌ അമ്പതാണ്ട്‌ തികയുന്നു.2006 നവംബര്‍ ഒന്നിനു കേരളം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണു.കഴിഞ്ഞ അമ്പത്‌ വര്‍ഷക്കാലത്തിനിടക്ക്‌ നമ്മുടെ നാട്‌ നടന്നുകയറിയ വഴികള്‍ നമുക്കൊരു പുനര്‍വിചിന്തനത്തിനു വിധേയമാക്കിക്കൂടെ?

രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ നമ്മുടെ സംസ്ഥാനം കൈവരിച്ച പുരോഗതി,തുടങ്ങിവെച്ച പദ്ധതികള്‍,പ്രതീക്ഷകള്‍,പാളിച്ചകള്‍,അപചയങ്ങള്‍...തുടങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്ത്‌ പകരുന്ന മേഖലകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക്‌ ഈ സുവര്‍ണ്ണജൂബിലി വേളയില്‍ പ്രസക്തിയുണ്ടാകുമെന്നു കരുതുന്നു.

സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ പ്രഥമസംസ്ഥാനത്ത്‌,അഭ്യസ്തവിദ്യരായ യുവാക്കള്‍ ഏറെയുണ്ടായിട്ടും തൊഴിലില്ലായ്മ ഒരു തീരാദുരിതമായി തുടരുന്ന പരിതാപകരമായ ഒരവസ്ഥ നമ്മുടെ നാടിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ നിറം കെടുത്തുന്നില്ലേ?

ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ,പൊതുജനസേവനം മുഖമുദ്രയാക്കി സമൂഹത്തിലേക്കിറങ്ങിച്ചെന്ന ജനനായകര്‍ അരങ്ങൊഴിഞ്ഞു പോയ ഭൂമിയില്‍ ഇന്ന്,അഴിമതിയും സ്വജനപക്ഷപാതവും അധികാരക്കൊതിയും അധികാരദുര്‍വിനിയോഗവുമെല്ലാം കുലത്തൊഴിലാക്കി കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാരും അവരുടെ പാദസേവകരായി നാടിന്റെ ഭരണചക്രത്തെ തങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കളും ഈ നാടിന്റെ മറ്റൊരു ശാപമല്ലേ?

ശക്തിയാര്‍ജിക്കുന്ന വര്‍ഗീയതയും വളര്‍ന്നുവരുന്ന മത-ജാതി-വര്‍ഗ-സങ്കുചിത ചിന്തകളും മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയലാഭം കൊയ്യുമ്പോള്‍ അതിനെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ക്ക്‌ മുഴക്കം കുറയുന്നതെന്തേ?

ഇനിയും,എണ്ണിയാലൊടുങ്ങാത്ത ഇത്തരം നിരവധി വെല്ലുവിളികളെ അതിജയിക്കാന്‍ കഴിയാതെ നമ്മുടെ നാട്‌ അരനൂറ്റാണ്ട്‌ പൂര്‍ത്തിയാക്കുമ്പോള്‍,ഞെരമ്പുകളില്‍ ചോര തിളക്കേണ്ട കേരളീയ സമൂഹം ഈ വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ നിസ്സംഗത പാലിക്കുമ്പോള്‍ അലോസരമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഉറക്കെ പറയാതെ വയ്യ